---
title: "ഇതാണ് മോനെ ലക്കി ; ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ ബമ്പറെടുത്തു, കൂടെ പോന്നത് 10 കോടി...!"
english_title: "This is Mone Lucky; When he left the hotel after eating, he took a bumper and took 10 crores with him..."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/350817/This is Mone Lucky; When he left the hotel after eating, he took a bumper and took 10 crores with him..."
published_at: "2026-03-31T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cbbb5af3a91_1001172647.jpg"
keywords: []
---

# ഇതാണ് മോനെ ലക്കി ; ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ ബമ്പറെടുത്തു, കൂടെ പോന്നത് 10 കോടി...!

> **Lead Summary:** കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബംപർ 10 കോടി രൂപ ഒന്നാം സമ്മാനം അടിച്ചത് മലപ്പുറത്ത്. പരപ്പനങ്ങാടി നെടുവ സ്വദേശി എൻ.വി.പത്മനാഭൻ ആണ് ആ ഭാഗ്യവാൻ. പാലക്കാട് വച്ചാണ് പത്മനാഭൻ ടിക്കറ്റ് എടുത്തത്.

## Article Content

കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബംപർ 10 കോടി രൂപ ഒന്നാം സമ്മാനം അടിച്ചത് മലപ്പുറത്ത്. പരപ്പനങ്ങാടി നെടുവ സ്വദേശി എൻ.വി.പത്മനാഭൻ ആണ് ആ ഭാഗ്യവാൻ. പാലക്കാട് വച്ചാണ് പത്മനാഭൻ ടിക്കറ്റ് എടുത്തത്.

പത്മനാഭൻ നടത്തിയിരുന്ന സൂപ്പർ മാർക്കറ്റ് നഷ്ടത്തെ തുടർന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് ജോലി ആവശ്യാർഥം കോയമ്പത്തൂർ പോയി തിരികെ വരുന്നവഴി പാലക്കാട് ഇറങ്ങി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ കണ്ട കടയിൽനിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അദ്ദേഹം പറ‍ഞ്ഞു. പരപ്പനങ്ങാടി എസ്‌ബിഐയിലെത്തി പത്മനാഭൻ ടിക്കറ്റ് കൈമാറി. താനെടുത്ത ടിക്കറ്റിന് സമ്മാനമുണ്ടെന്ന് അറിഞ്ഞത് ഞായറാഴ്ചയാണെന്ന് പത്മനാഭൻ പറഞ്ഞു. പാലക്കാട് ജില്ലയിലെ ഏജന്റായ എസ്.മധുസൂദനൻ വിറ്റ SB 517026 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനവും പാലക്കാട് വിറ്റ ടിക്കറ്റിനായിരുന്നു.

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ശ്രീമൂകാംബിക ലക്കി സെന്റർ വഴി കെഎസ്ആർടിസിക്കു സമീപത്തെ ലോട്ടറി കടയിലെത്തിയ ടിക്കറ്റായിരുന്നു ഇത്. 2022–23ലെ ക്രിസ്മസ്–പുതുവത്സര ബംപറിൽ 16 കോടി രൂപയുടെ ഒന്നാം സമ്മാനവും ശ്രീമൂകാംബിക ലക്കി സെന്ററിലായിരുന്നു. നേട്ടത്തിൽ ഏജൻസി ലഡു വിതരണം നടത്തി. SE 660573 എന്ന ടിക്കറ്റിനാണ് ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം. പാലക്കാട്ടുള്ള ഫർസാന ഏജൻസി വഴിയാണു ടിക്കറ്റ് വിറ്റത്. ചിറ്റൂർ സബ് ഓഫിസ് വഴിയാണു ലോട്ടറി വിതരണം നടത്തിയത്.

കഴിഞ്ഞ സമ്മർ, തിരുവോണം, പൂജ ബംപർ നറുക്കെടുപ്പുകളിലും ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റുകൾക്കായിരുന്നു. ഇത്തവണ ഒന്നാം സമ്മാനം കൂടാതെ ഒരു ലക്ഷം രൂപയുടെ അഞ്ചു സമാശ്വാസ സമ്മാനങ്ങളും പാലക്കാട്ടു ലഭിച്ചു. സമ്മർ ബംപറിൽ അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളിൽ 41.73 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. ഏറ്റവും കൂടുതൽ വിൽപന നടന്നതു പാലക്കാടാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/350817/This is Mone Lucky; When he left the hotel after eating, he took a bumper and took 10 crores with him...)